logo
23 Dec
2024
Monday

About Us

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പാരമ്പര്യത്തെ മുറുകെപ്പിടിച്ചു കൊണ്ട് അറിയാനും അറിയിക്കാനും ഐക്യപ്പെടാനുമുള്ള ഒരു മാധ്യമ സംസ്‌കാരത്തെയാണ് ന്യൂഇയര്‍ന്യൂസ് പ്രതിനിധീകരിക്കുന്നത്.ഞങ്ങള്‍ നിക്ഷപക്ഷരും സ്വതന്ത്രരുമാണ്.സ്ഥാപിതമായ വിവരങ്ങളെ വെല്ലുവിളിക്കാനും ആഗോള പ്രേക്ഷകര്‍ക്ക് ഒരു ബദല്‍ ശബ്‍ദം നല്കാനും ന്യൂ ഇയര്‍ ന്യൂസിനാവും. അതു വെല്ലുവിളി നിറഞ്ഞതും ഏറെ ദുഷ്‌കരവുമാണെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.അടച്ചു മൂടപ്പെട്ട യാഥാര്‍ഥ്യങ്ങളും വളച്ചു വെക്കപ്പെടുന്ന അര്‍ധ സത്യങ്ങളുമെല്ലാം സമം ചേര്‍ത്തു സൃഷ്ടിച്ചെടുത്ത വ്യാജപ്രചരണങ്ങളുടെ സമാന്തരലോകത്ത് യാഥാര്‍ഥ്യങ്ങളുടെ കനലിനു നേരെയാണ് ഞങ്ങളുടെ ക്യാമറ കണ്ണുകള്‍ തിരിച്ചു വെക്കുന്നത്.വിപണി താത്പര്യങ്ങളുടെ അതിപ്രസരത്തില്‍ നേരിനും നന്മക്കുമെല്ലാം പണക്കിഴി തൂക്കം നോക്കി വിലയിടുന്നവര്‍ക്കിടയില്‍ പരസ്യത്തിന്റെ വാതിലുകള്‍ സമ്പൂര്‍ണമായും കൊട്ടിയടച്ചാണ് ന്യൂ ഇയര്‍ പ്രതിരോധം തീര്‍ക്കുന്നത്.ലോകത്തെ അറിയിക്കാനും ഇടപഴകാനും ശാക്തീകരിക്കാനും ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നു.ഞങ്ങള്‍ സത്യാന്വേഷികളും കഥാകാരന്മാരും പത്രപ്രവര്‍ത്തകരും ടെക്‌നോളജിസ്റ്റുകളും ഡിസൈനര്‍മാരുമാണ്.ഓരോ വാര്‍ത്തയും ലക്ഷ്യം വെക്കേണ്ടത് സത്യത്തെയാണെന്ന പ്രഖ്യാപിത ദൗത്യത്താല്‍ ഞങ്ങള്‍ ഐക്യപെട്ടിരിക്കുന്നു. ഇത്തരമൊരു മഹത്തായ ദൗത്യ നിര്‍വഹണത്തിനായി താഴെ പറയുന്ന ധാര്‍മിക മൂല്യങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കും.

1. സത്യസന്ധത, ധൈര്യം, നീതി, സ്വാതന്ത്രം, വിശ്വസ്തത, വൈവിധ്യം എന്നീ മൂല്യങ്ങള്‍ മുറുകെ പിടിക്കും.

2. സത്യം അകത്താണ് എന്നുള്ള ഓഷോവിയന്‍ ദാര്‍ശനികതയില്‍ നിന്നു കൊണ്ടു സത്യത്തിലേക്കെത്തിപ്പെടാന്‍ കഠിന പരിശ്രമം നടത്തും. പ്രോഗ്രാമുകളിലും വാര്‍ത്ത ബുള്ളറ്റിനുകളിലും എഡിറ്റോറിയലിലുമെല്ലാം അതിന്റെ സാധുതയെ കുറിച്ചും കൃത്യതയെ കുറിച്ചും സംശയലേശമന്യേ പ്രഖ്യാപനങ്ങളുണ്ടാവും.

3. വാര്‍ത്തകളുടെ ഉറവിടവും സത്യാവസ്ഥയും മനസ്സിലാക്കി പക്ഷപാതിത്വവും പക്ഷപാതവും ഇല്ലാതെ വൈവിധ്യമാര്‍ന്ന കാഴ്ച്ചപ്പാടുകളും അഭിപ്രായങ്ങളും അവതരിപ്പിക്കും.ഇതില്‍ വാണിജ്യ രംഗത്തെ ചൂഷണവും കപട രാഷ്ട്രീയ,സ്വാര്‍ഥ താത്പര്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്തും.

4. ലോകത്തിലെ വിവിധ ജനവിഭാഗങ്ങളെ പരിഗണിച്ച് അവരുടെ വംശങ്ങളും സംസ്‌കാരങ്ങളും വിശ്വാസങ്ങളും അവയുടെ മൂല്യങ്ങളും അന്തര്‍ലീനമായ വ്യക്തിത്വങ്ങളും വൈവിധ്യങ്ങളും തിരിച്ചറിയുകയും അവയെ മാനിക്കുകയും ചെയ്യും.

5. അതിരുകളില്ലാത്ത ലോകക്രമം സൃഷ്ടിക്കുന്നതിലൂടെ ആയുധങ്ങള്‍ക്കു പകരം ആശയങ്ങള്‍ക്ക് മേല്‍ക്കൈ നേടാനാവുകയും കൂടുതല്‍ പ്രകാശനമായ ഒരു ജീവിത സാഹചര്യം ഭൂമിയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഇതു ശക്തിപ്പെടുത്താനുതകുന്ന നയനിലപാടുകളായിരിക്കും ന്യൂ ഇയര്‍ സ്വീകരിക്കുക.

6. ജാതി,മത,വര്‍ഗ,ലിംഗ വിത്യാസമില്ലാതെ സമര്‍പ്പിത മനസ്സുള്ളവര്‍ക്ക് തൊഴില്‍ നല്കാനും ഇതിലൂടെ സമത്വ സുന്ദരമായ തൊഴില്‍ സംസ്‌കാരം ഉരുവപ്പെടുത്തുവാനും ന്യൂ ഇയര്‍ പരിശ്രമിക്കും.

7. സമ്പന്നമായ ലോകത്തിലൂടെ മാത്രമേ ക്രിയാത്മകമായ ജനതയെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുകയൊള്ളൂവെന്ന ബോധ്യത്തെ ഉള്‍കൊണ്ടു കൊണ്ട് സമ്പല്‍സമൃദ്ധമായ ജീവിത പരിസരം കെട്ടിപ്പടുക്കുവാനും കൂടുതല്‍ ധാര്‍മിക മൂല്യങ്ങളുള്ള സുന്ദരമായ ലോകത്തിന്റെ പുന:സൃഷ്ടിപ്പ് സാധ്യമാക്കുവാനുള്ള ഇടപെടലുകള്‍ നടത്തും.

8. അറിയാനുള്ള അവകാശത്തൊടൊപ്പം തന്നെ അറിയിക്കാനുള്ള അവകാശവും ഓരോ പൗരനും സാധ്യമാക്കുവാനുള്ള ഇടപെടല്‍ ന്യൂ ഇയര്‍ നടത്തും. മാധ്യമ പ്രവര്‍ത്തനത്തിന്റെ ജനകീയവത്കരണത്തിലൂടെ ഓരോ ഗ്രാമത്തിലും ഒരു റിപ്പോര്‍ട്ടറെന്ന വിപ്ലവകരമായ മുന്നേറ്റത്തിനു ഞങ്ങള്‍ തുടക്കം കുറിക്കും. ഇതിലൂടെ ജനകീയവും സക്രിയവുമായ ഇടപെടലിനുള്ള വേദിയൊരുക്കാന്‍ സാധിക്കും.

9. കേവല പ്രതികരണങ്ങളുടെ ഈറ്റില്ലമായി മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ ദൃശ്യമാധ്യമപ്രവര്‍ത്തന രീതികളില്‍ നിന്നും വിത്യസ്തമായി വിമര്‍ശനത്തോടൊപ്പം പരിഹാരമാര്‍ഗങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുന്ന പുതിയ മാധ്യമ സംസ്‌കാരത്തിലൂടെ ജനാധിപത്യത്തെ നന്മയുടെ ആധിപത്യമുള്ളതാക്കി മാറ്റാനുള്ള ശ്രമം നടത്തും.

10. ഊഹാപോഹങ്ങളുടേയും പ്രചരണത്തിന്റേയും കെണികളില്‍ വീഴാതിരിക്കാനുള്ള അതിജാഗ്രത പാലിക്കും. തെറ്റ് സംഭവിച്ചാല്‍ അതു അംഗീകരിക്കുവാനും ഉടനടി തിരുത്തുവാനും പിന്നീട് അതാവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

11. അറ്റമില്ലാത്ത വിപണി താത്പര്യങ്ങളെ താലോലിക്കുന്നതിലൂടെ സംഭവിക്കുന്ന സ്ഖലിതങ്ങളെ ഉറവിടത്തിലേ ഇല്ലായ്മ ചെയ്യാനും മേല്‍പറഞ്ഞ മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കാനും പരസ്യം സ്വീകരിക്കാത്ത ചാനലായി ലോക മാധ്യമങ്ങള്‍ക്ക് മാതൃകയായി ന്യൂ ഇയര്‍ എന്നും മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കും.

12. സത്യത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ സന്നദ്ധമായിരിക്കുന്ന ഒരു ടീമെന്ന നിലക്ക് ഞങ്ങളുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന ഏതു തരത്തിലുള്ള വെല്ലുവിളികളേയും നെഞ്ചുറപ്പോടെ നേരിടാന്‍ ന്യൂ ഇയര്‍ തയ്യാറാവും. ഇതിനായി പത്രപ്രവര്‍ത്തക യൂണിയനുകളുമായും അസോസിയേഷനുകളുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായുമെല്ലാം ചേര്‍ന്ന് പത്ര സ്വാതന്ത്ര സംരക്ഷണത്തിനായി പടപൊരുതും.

ലക്ഷ്യം

പ്രതീക്ഷയുടേയും സത്യത്തിന്റേയും നീതിയുടേയും പുതിയ മന്ത്രമാണ് ന്യൂഇയര്‍ന്യൂസ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ മേഖല ഇന്ന് മറ്റു സതംഭങ്ങളോടൊപ്പം പതര്‍ച്ച നേരിടുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ശക്തമായ ഒരു വര്‍ക്ക് എത്തിക്‌സും മാനേജ്‌മെന്റുമുള്ള ന്യൂ ഇയര്‍ പുതിയ പ്രതീക്ഷയാണ്.പത്രപ്രവര്‍ത്തനത്തിന്റെ മൂല്യമറിയാത്തവര്‍ തൂലികയെടുക്കരുതെന്ന ആപ്ത വാക്യത്തെ പ്രയോഗത്തില്‍ വരുത്തുന്നതിലൂടെ നിര്‍ഭയരും നിക്ഷപക്ഷരുമായിട്ടുള്ള ഒരു പുതുതലമുറ മാധ്യമ പ്രവര്‍ത്തക സംഘത്തെയാണ് ന്യൂ ഇയര്‍ വാര്‍ത്തെടുക്കുന്നത്.